പ്രമേഹ രോഗികളുടെ ശ്രദ്ധയ്ക്ക്….

പ്രമേഹ രോഗികൾക്ക് പലപ്പോഴും തങ്ങളുടെ ഭക്ഷണ രീതിയെ കുറിച്ച് സംശയങ്ങളുണ്ടാകാം. ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാം, കഴിക്കാതിരിക്കണം തുടങ്ങിയ വിഷയങ്ങളിൽ പലപ്പോഴും സംശയം ഉണ്ടാകാറുണ്ട്. പ്രമേഹ രോഗികൾ സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കേണ്ടതാണ് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനം പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. അതിൽ പ്രധാനപ്പെട്ട ഒന്നാണു ഭക്ഷണരീതി. ഭക്ഷണനിയന്ത്രണത്തിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും തീരെ താഴ്ന്ന് പോകാതെയും പിടിച്ചു നിർത്താം. കൂടുതൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് ഉത്തമം.

കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം. ഷുഗർഫ്രീ ഉപയോഗിക്കുന്നവർ അത് ഒഴിവാക്കുന്നതും പ്രീഡയബെറ്റിക് ഘട്ടത്തിൽ വളരെ നല്ലതാണ്. ജീവിതത്തിൽ ഒരിക്കലും മധുരം കഴിക്കാൻ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കാം. പഞ്ചസാര പോലെയുള്ള റിഫൈൻഡ് ഷുഗർ പെട്ടെന്നു ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത്. എന്നാൽ തേനും ശർക്കരയും സുരക്ഷിതമല്ല. ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ ഫലവർഗങ്ങളും പ്രമേഹ രോഗികൾക്ക് കഴിക്കാം. മധുരം കഴിക്കുമ്പോൾ അതിനൊപ്പം കഴിക്കുന്ന മറ്റുഭക്ഷണങ്ങളുടെ അളവു കുറയ്ക്കണം. മധുരം മാത്രം കഴിക്കുന്ന അവസരത്തിൽ അതിന്റെ അളവിൽ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.