ഉത്തർപ്രദേശിൽ ദളിത് യുവതിയുടെ മൃതദേഹം മുൻമന്ത്രിയുടെ മകന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: ദളിത് യുവതിയുടെ മൃതദേഹം മുൻമന്ത്രിയുടെ മകന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ. ഉത്തർപ്രദേശിലാണ് സംഭവം. രണ്ടു മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹമാണ് എസ്പി നേതാവും മുൻമന്ത്രിയുമായ ആളുടെ മകന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെത്തിയത്.

ഉന്നാവ് ജില്ലയിലെ കാബ്ബ കേദാ പ്രദേശത്തെ അശ്രമത്തിന് അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 22 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന കേസിൽ നേരത്തെ എസ്.പി മുൻ മന്ത്രിയുടെ മകൻ രജോൾ സിംഗിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്ത് എത്തിയികുന്നു. 2021 ഡിസംബർ 8 നാണ് യുവതിയെ കാംഷിറാം ചൗക്ക് ഏരിയയിൽ നിന്നും കാണാതായത്. തുടർന്ന് മുൻമന്ത്രിയായ ഫത്തെ ബഹദൂർ സിങ്ങിന്റെ മകനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 4 ന് പോലീസ് രജോൾ സിംഗിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എട്ടുമണിക്കൂറോളം നേരമാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. ഇയാളുടെ സഹായിയായ സൂരജ് എന്നയാളെയും പോലീസ് ചോദ്യം ചെയ്തു. ഇയാളിൽ നിന്നാണ് കൊലപാതകത്തെ കുറിച്ചും മൃതദേഹം ഒളിപ്പിച്ച സ്ഥലത്തെ കുറിച്ചുമുള്ള സൂചനകൾ പോലീസിന് ലഭിച്ചതെന്നാണ് വിവരം. രജോൾ പെൺകുട്ടിയെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തുകയും സഹായികൾക്കൊപ്പം പെൺകുട്ടിയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. തലയിൽ മറ്റ് രണ്ട് മുറിവുകളും ഉണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതേസമയം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുത്ത് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് മായാവതി വ്യക്തമാക്കി.