ഹിജാബ് വിഷയത്തിൽ വിധി വരുന്നത് വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുത്; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കോടതി

ബംഗളൂരു: ഹിജാബ് വിഷയത്തിൽ വിധി വരുന്നത് വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നാണ് കോടതി നൽകിയ നിർദ്ദേശം. ഹർജിയിൽ വീണ്ടും തിങ്കളാഴ്ച്ച വാദം തുടരുമെന്നും ഇതിന് ശേഷം മാത്രമെ വിഷയത്തിൽ തീർപ്പുണ്ടാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹർജി എത്രയും പെട്ടെന്ന് തീർപ്പാക്കാനാണ് കർണാടക ഹൈക്കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതുവരെ വിദ്യാർഥികളും രാഷ്ട്രീയ സംഘടനകളും സംയമനം പാലിക്കണം. മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചല്ലാതെ വിദ്യാർത്ഥികൾക്ക് കോളേജിൽ പോകാമെന്നും കോടതി പറഞ്ഞു.

കുട്ടികളുടെ അധ്യായനം മുടങ്ങുന്നുവെന്നും ഇവർക്ക് കോളേജുകളിൽ പോകാനുള്ള സൗകര്യം ഒരുക്കാനായി ഒരു ഇടക്കാല ഉത്തരവ് ഇറക്കണമെന്നായിരുന്നു വിദ്യാർഥികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ച വാദം. അതേസമയം ഹിജാബിനെ ചൊല്ലിയുള്ള തർക്കം കർണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.