മുഖ്യമന്ത്രിയ്ക്ക് ശിവശങ്കറിനെ ഭയം; വി ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയ്ക്ക് ശിവശങ്കറിനെ ഭയമാണെന്നും ഈ ഭയം കാരണമാണ് മുഖ്യമന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ജയിലിൽ കിടന്നയാളാണ് ശിവശങ്കർ. ഇയാൾക്കെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തൽ നടത്തിയത്. എന്നിട്ടും ശിവശങ്കറിനെ പിന്തുണയ്ക്കുന്നുവെങ്കിൽ മുഖ്യമന്ത്രിക്ക് ഭയക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. ഇതിന് നേതൃത്വം നൽകിയ ആളെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. പുസ്തകം എഴുതാൻ ശിവശങ്കറിന് സർക്കാർ അനുമതി നൽകിയിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് പ്രത്യേക തരം പക ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അറിയാവുന്ന കാര്യങ്ങളെല്ലാം ശിവശങ്കർ വെളിപ്പെടുത്തിയാൽ പൊള്ളലേക്കുന്നത് മുഖ്യമന്ത്രിക്കായിരിക്കുമെന്നും ഈ ഭയമാണ് ശിവശങ്കറിനെ അന്ധമായി പിന്തുണയ്ക്കാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സർക്കാരിന്റെ 100 ദിന കർമ്മപരിപാടിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെയാണ് രണ്ടാം 100 ദിന കർമ്മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. ഭരണ പരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആർ തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിർമാണ മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പരമാവധി നിയമനങ്ങൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും അതുവഴി നിയമനം നടത്തുമെന്നതായിരുന്നു ഈ സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മ പരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നാൽ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ പി.എസ്.സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പോലും ഇരുനൂറ്റി അൻപതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉൾപ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. ഭരണസിരാ കേന്ദ്രത്തിലെ അവസ്ഥ ഇതാണെങ്കിൽ മറ്റ് വകുപ്പുകളിലേത് ഇതിലും പരിതാപകരമായിരിക്കുമല്ലോ? എല്ലാ വകുപ്പുകളിലും പിൻവാതിലിലൂടെയുള്ള കരാർ നിയമനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.