കുടുംബാധിപത്യ പാര്‍ട്ടികളാണ് ജനാധിപത്യത്തിന്റെ ഭീഷണി; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് പിരിച്ചു വിടണമെന്നാണ് മഹാത്മാഗാന്ധി ആഗ്രഹിച്ചതെന്നും, അതു നടന്നിരുന്നെങ്കില്‍ ഇന്ത്യ സ്വജനപക്ഷപാതത്തില്‍ നിന്ന് എന്നേ മുക്തരാകുമായിരുന്നെന്നും മോദി പറ.

‘ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി കുടുംബാധിപത്യ പാര്‍ട്ടികളാണ്. ഒരു കുടുംബം പരമപ്രധാനമാകുമ്പോള്‍ കഴിവുള്ളവന്‍ പുറത്താകുന്നു എന്നതാണ് ഏറ്റവും വലിയ അപകടം. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചിലര്‍ ആശ്ചര്യപ്പെടുന്നു. ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നതില്‍ കുടുങ്ങി കിടക്കുന്നവരാണ് അവര്‍’- പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസ് തുടര്‍ന്നാല്‍ എല്ലാം നശിപ്പിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ നടന്നിരുന്നെങ്കില്‍ ഇന്ത്യ സ്വദേശിപാത സ്വീകരിക്കുമായിരുന്നു. അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകില്ലായിരുന്നു. പതിറ്റാണ്ടുകളായി അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെടുമായിരുന്നില്ല. സിഖുകാരുടെ കൂട്ടക്കൊല ചെയ്യുമായിരുന്നില്ല, കശ്മീരില്‍ നിന്ന് പലായനം ഉണ്ടാകുമായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സാധാരണക്കാരന് ഇത്രയും കാത്തിരിക്കേണ്ടി വരില്ലായിരുന്നു.’-മോദി ചൂണ്ടിക്കാട്ടി.