കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നതെന്നും വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് പ്രോസിക്യൂഷൻ ശ്രമമെന്നും ദിലീപ് കോടതിയെ അറിയിച്ചു. വിചാരണ കോടതിയുടെ അനുമതി ലഭിക്കും മുൻപ് തുടരന്വേഷണം ആരംഭിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി പോലും ഇല്ലാതെയാണ് തുടരന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിലെ പാളിച്ചകൾ മറയ്ക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോവുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യമെന്നും ദിലീപ് ആരോപിച്ചു.
കേസിൽ വിശദീകരണം നൽകാൻ കൂടുതൽ സാവകാശം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. തുടർന്ന് ഹർജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസിലെ മറ്റ് അഞ്ചു പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി പ്രസ്താവം.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു. അന്വേഷണ സംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. എന്നാൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം.
പ്രതികൾ പാസ്‌പോർട്ട് കോടതിയിൽ നൽകണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച ഉപാധികൾ ഈ വ്യവസ്ഥ ലംഘിച്ചാൽ പ്രോസിക്യൂഷൻ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാം.

