ഫെബ്രുവരി 15 നകം റേഷൻ കാർഡ് അംഗങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്യണം; നിർദ്ദേശം നൽകി റേഷനിങ് അധികൃതർ

കൊച്ചി: റേഷൻ കാർഡ് അംഗങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് വ്യക്തമാക്കി റേഷനിങ് അധികൃതർ. ഫെബ്രുവരി 15 നകം ഇത്തരത്തിൽ ലിങ്ക് ചെയ്തിരിക്കണമെന്നാണ് നിർദ്ദേശം. ലിങ്ക് ചെയ്യാത്ത കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റും. ആദ്യഘട്ടമായി മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുകൾ പൊതുവിഭാഗത്തിലെ വെള്ള നിറത്തിലേക്ക് മാറ്റും. ഇതോടെ റേഷൻ ധാന്യങ്ങളുടെ ലഭ്യതയുടെ അളവും നിരക്കും മാറുമെന്നാണ് മുന്നറിയിപ്പ്.

പല കാർഡുകളിലൂടെ ചിലർ അധികറേഷൻ വിഹിതം കൈപ്പറ്റുകയും സർക്കാർ പൊതുമേഖല ജീവനക്കാരും എൻആർഐ അടക്കമുള്ളവരും മുൻഗണനാ വിഭാഗത്തിലുള്ളവരുടെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി അന്ന യോജനയിലൂടെയുള്ള സൗജന്യ അരിയും ഇതിലൂടെ അനധികൃതമായി ഇവർ നേടുകയാണന്നും ആരോപമുണ്ട്.

ഇ- പോസ് മെഷീൻ വരവോടെയാണ് റേഷൻകാർഡുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യാൻ ഉത്തരവായത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പല ഘട്ടങ്ങളിലായി ഇത് നീട്ടി നൽകിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള 91 ലക്ഷം റേഷൻ കാർഡിൽ 55 ശതമാനവും മുൻഗണനാ വിഭാഗത്തിലാണ്. ഇതിൽ 50,000 ത്തോളം കാർഡുകളിലായി ഒരുലക്ഷത്തോളം പേർ ആധാർ ലിങ്ക് ചെയ്തിട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റേഷൻ കാർഡ് കോപ്പി, ആധാർ കോപ്പിയുമായി എത്തി റേഷൻ കട, അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ ലിങ്ക് ചെയ്യണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

മഞ്ഞ കാർഡുകാർക്ക് റേഷൻ ധാന്യം സൗജന്യമാണ്. പിങ്ക് കാർഡിന് കിലോ രണ്ടു രൂപയും നീല കാർഡിന് നാല് രൂപയും വെള്ളക്കാർഡിന് 10.90 പൈസയുമാണ് നിരക്ക്. പിങ്ക് നിറത്തിലെ കാർഡുകൾക്ക് റേഷൻ വിഹിതം ആളൊന്നിന് അഞ്ച് കിലോയെന്ന തോതിലാണ്. പൊതു വിഭാഗത്തിന് നിശ്ചിത തോത് മാത്രമാണ് ലഭിക്കുന്നത്.