ദുബായ്: കെ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാൽ അതിനിടെ ചിലർ കാര്യമറിയാതെയും മറ്റ് ചിലർ മറ്റു ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിർക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുബായിൽ മലയാളി സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിർബന്ധബുദ്ധിയുടേയോ വാശിയുടേയോ പ്രശ്‌നമല്ല. കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാമേഖലകളിലുമുണ്ടാകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. നാട്ടിലുള്ള ജനങ്ങൾ കെ റെയിൽ പദ്ധതി നിലവിൽ വരണമെന്നാഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിന് ചേർന്നതല്ല. മെട്രോമാൻ ഇ.ശ്രീധരനും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതിക്കായി നിലവിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരൻ, മെട്രോമാൻ ഈ ശ്രീധരൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരുൾപ്പെടുന്ന ബി.ജെ.പിയുടെ പ്രതിനിധി സംഘം വെള്ളിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
അന്തിമ ലൊക്കേഷൻ സർവേ, ലാന്റ് പ്ലാൻ അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയിലെ ഗുരുതരമായ പിഴവുകൾ ഈ ശ്രീധരൻ ചൂണ്ടിക്കാട്ടിയതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.

