സിനിമാ മേഖലയിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം;വനിതാ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ മേഖലയിൽ തൊഴിലിടങ്ങളിലെ സ്ത്രീപീഡനം സംബന്ധിച്ച വിശാഖാ കേസിലെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മാർഗരേഖയിൽ പറയുന്ന പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി നടപ്പാക്കാൻ സാംസ്‌കാരിക വകുപ്പ് മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിതാ കമ്മിഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് വനിതാ കമ്മീഷൻ കത്ത് നൽകി.

വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മിഷൻ അംഗം അഡ്വ. എം.എസ്.താര എന്നിവരോട് വിമൻ ഇൻ സിനിമാ കളക്ടീവ് ഭാരവാഹികൾ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ടു ബോധിപ്പിച്ചിരുന്നു. ഇവർ വനിതാ കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കമ്മീഷന്റെ നടപടി.

ഡബ്ല്യുസിസിയുടെ പരാതിക്കാധാരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും ശുപാർശകളും പ്രാവർത്തികമാക്കാൻ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് കമ്മിഷനെ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.