അതിര്‍ത്തിയില്‍ ഹെറോയിനും ആയുധങ്ങളും പിടികൂടിയ സംഭവം; പാകിസ്ഥാന് നേരിട്ട് ബന്ധമുള്ളതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്താനിരുന്ന 200 കോടി രൂപ വിലമതിക്കുന്ന 57.8 കിലോഗ്രാം ഹെറോയിനും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തില്‍ ഒരു പാകിസ്ഥാന്‍ കള്ളക്കടത്തുകാരനെയും പിടികൂടി. ഇതോടെ പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസൈനികര്‍ വഴി ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും ആസൂത്രിതമായി കടത്തുന്നുവെന്ന സംശയം ശക്തമാവുകയാണ്.

പഞ്ചാബ് അതിര്‍ത്തി വഴിയാണ് ഇപ്പോള്‍ മയക്കമരുന്ന്-ആയുധക്കള്ളക്കടത്ത് നടക്കുന്നത്. ഇന്ത്യയില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ യുവത്വത്തെ ലഹരിമരുന്നിന് അടിമകളാക്കുക വഴി നിര്‍ജ്ജീവമാക്കുക എന്നതാണ് പാകിസ്ഥാന്റെ ഗൂഢലക്ഷ്യവും. ഇന്ത്യയിലേക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്ന കാര്യത്തില്‍ പാകിസ്ഥാനില്‍ നിന്നും നല്ല പ്രേരണയുണ്ട്. മനുഷ്യരുടെ പഞ്ചാബ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സേന തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനെ മറികടന്ന് കള്ളക്കടത്തുകാര്‍ ആയുധങ്ങളും മയക്കുമരുന്നുമായി അതിര്‍ത്തിയില്‍ എത്തുന്നുവെങ്കില്‍ ഇത് പാകിസ്ഥാന്റെ അറിവോടെയെന്ന് വേണം കരുതാന്‍. ‘അതിര്‍ത്തിക്കപ്പുറത്ത് പാകിസ്ഥാന്റെ ഭാഗത്തുള്ള 200 മീറ്റര്‍ വീതിയുള്ള പുഴ മുറിച്ചുകടന്നാണ് കള്ളക്കടത്തുകാര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയത്. ഇത് പാകിസ്ഥാന്‍ അതിര്‍ത്തി രക്ഷാസൈനികരുടെ സഹായം ലഭിച്ചതിന്റെ വ്യക്തമായ തെളിവാണ്,’-വക്താക്കള്‍ പറയുന്നു.

അതേസമയം, ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) കൂടുതല്‍ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം കര്‍താര്‍പൂര്‍ ഇടനാഴിയില്‍ ഒരു പാകിസ്ഥാന്‍ കള്ളക്കടത്തുകാരനും ബിഎസ്എഫ് ജവാനും തമ്മില്‍ ഉണ്ടായ വെടിവെപ്പില്‍ ബിഎസ്എഫ് സേന ഹെറോയിന്‍ നിറച്ച 47 മഞ്ഞ പ്ലാസ്റ്റിക്ക് പാക്കറ്റുകളാണ് കണ്ടെടുത്തിരുന്നു. ഏകദേശം 200 കോടി രൂപയുടെ മയക്കമരുന്നാണ് പിടിച്ചത്. രണ്ട് പിസ്റ്റളും തിരകളും എകെ 47 തോക്കുകളുടെ നാല് തിരനിറയ്ക്കുന്ന അറകളും പിടിച്ചെടുത്തിരുന്നു.