കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും

ബംഗളൂരു: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണാടക. തിങ്കളാഴ്ച മുതല്‍ രാത്രി കാല കര്‍ഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതല്‍ തുറക്കും. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നതും, കൊവിഡ് മുക്തിനിരക്ക് വര്‍ധിച്ചതുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, മള്‍ട്ടിപ്ലെക്‌സുകള്‍ എന്നിവയില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. മെട്രോ ട്രെയിന്‍, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളില്‍ സീറ്റിങ് പ്രാപ്തിക്കനുസരിച്ച് ആളുകളെ ഉള്‍ക്കൊള്ളിക്കും. വിവാഹങ്ങള്‍ക്ക് 300 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങള്‍, ജിം, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. അതേസമയം ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ലുകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങള്‍ പൂര്‍ണ്ണശേഷിയോടെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.