കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ്. ബാലചന്ദ്രകുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ദീലിപിന്റെ ആരോപണം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാലചന്ദ്രകുമാർ പലപ്പോഴായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് ബാലചന്ദ്ര കുമാർ പണം ആവശ്യപ്പെട്ടത്. ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാർ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.
പണം കൊടുക്കാൻ തയ്യാറാകാത്തതിനാലാണ് ബാലചന്ദ്രകുമാർ തനിക്ക് ശത്രുവായതെന്നും ദിലീപ് ചൂണ്ടിക്കാട്ടി. പിന്നീട് ബാലചന്ദ്ര കുമാർ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ ഈ ആവശ്യം നിരസിച്ചതോടെ വീണ്ടും ശത്രുത വർധിച്ചുവെന്നും ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ തന്നെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

