ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നായ റെംഡെസിവിർ ഉൾപ്പെടെയുള്ളവ കുട്ടികൾക്ക് നൽകുന്നതിന് വിലക്കേർപ്പെടുത്തി ആരോഗ്യ മന്ത്രാലയം. 18 വയസ്സിനു താഴെയുള്ളവർക്ക് ഇവ നൽകരുതെന്നാണ് നിർദ്ദേശം. മരുന്നുകൾ കുട്ടികളിൽ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ചു വ്യക്തമായ പഠനങ്ങളുടെ അഭാവത്തിൽ ഇവ ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
റെംഡെസിവിറിനു പുറമേ, ഫാവിപിരാവിർ, ഇന്ത്യയിൽ പുതുതായി അനുമതി ലഭിച്ച മോൽനുപിരാവിർ, ഫ്‌ളൂവോക്‌സമൈൻ തുടങ്ങിയവയും സ്‌ട്രോവിമാബ്, കാസിരിവിമാബ്, ഇംഡെവിമാബ് തുടങ്ങിയ മോണോക്ലോണൽ ആന്റിബോഡികളും കുട്ടികളുടെ ചികിത്സയിൽ ഉപയോഗിക്കരുത്. സ്റ്റിറോയ്ഡ് മരുന്നുകളും ഒഴിവാക്കണണമെന്നും അധികൃതർ പറഞ്ഞു. അതേസമയം 5 വയസ്സിൽ താഴെയുള്ളവർ മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന നിബന്ധന തുടരും. 11 വയസ്സു വരെയുള്ളവർ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാസ്‌ക് ധരിക്കണം. 12 വയസ്സിനു മുകളിലുള്ള എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

