കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമന്‍ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ഈ കേസ് അസാധാരണമാണെന്നും, ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ നല്‍കിയത് ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും നടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
കേസിലെ മുഖ്യസൂത്രധാരന്‍ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. 20 സാക്ഷികള്‍ കേസില്‍ കൂറുമാറിയതും ദിലീപ് പറഞ്ഞിട്ടാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. പ്രതിയായത് മുതല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ നീക്കങ്ങളും ദിലീപ് നടത്തുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. ‘ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറന്‍സിക് പരിശോധന നടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് തരണമെന്ന ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷന്‍ തള്ളുകയുമായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കൈവശമുള്ള പീഡന ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു. ദൃശ്യങ്ങളില്‍ അന്വേഷണ സംഘം കൃത്രിമം നടത്തുമെന്നും തുടരന്വേഷണത്തിന് ഉപയോഗപ്പെടുത്തുമെന്നുമായിരുന്നു ദിലീപിന്റെ വാദം. ഈ ഹര്‍ജിയും പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം നടത്തുമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അങ്ങിനെ ചെയ്താല്‍ തന്നെ അതിന്റെ തെളിവുകളായി ഡിജിറ്റല്‍ ഇംപ്രിന്റ്‌സ് അവശേഷിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത് ഈ മാസം 25-ലേക്ക് മാറ്റി.

