ന്യൂഡല്‍ഹി: സിപിഎം രാജ്യത്ത് മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നല്‍കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവന തള്ളി സിപിഎം കേന്ദ്രനേതൃത്വം. രാജ്യത്ത് മൂന്നാം മുന്നണിയ്ക്ക് നേതൃത്വം നല്‍കാനുള്ള ശ്രമം സിപിഎം നടത്തുന്നില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം വ്യക്തമാക്കി. പ്രധാനമന്ത്രിപദം സംബന്ധിച്ച് ഏതെങ്കിലും രേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കില്ലെന്നും ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചക്കും സിപിഎം ഇല്ലെന്നും നേതാക്കള്‍ പറഞ്ഞതായാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ട്. മന്ത്രിയുടെ പ്രസ്താവന എന്തെങ്കിലും തെറ്റിദ്ധാരണ കൊണ്ടായിരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
നിലവില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കൂടാതെ ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. 2024ല്‍ അന്നത്തെ സാഹചര്യം അനുസരിച്ച് ബദല്‍ സര്‍ക്കാര്‍ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഫെഡറല്‍ മുന്നണി വരുമെന്നും ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തന്നോടു വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവന. ഈ പ്രസ്താവന ചര്‍ച്ചയായതിനു പിന്നാലെയാണ് സിപിഎം കേന്ദ്രനേതൃത്വം പ്രതികരണവുമായി രംഗത്തെത്തിയത്.

