മകരവിളക്ക് ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ഭക്തർക്കായി 550 മുറികൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: മകരവിളക്ക് ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ. ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഒമിക്രോൺ ശബരിമല തീർത്ഥാടനത്തെ ബാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

മകരവിളക്കിന് ഇതരസംസ്ഥാന തീർത്ഥാടകരുടെ എണ്ണത്തിൽ വരിയ കുറവുണ്ടായിട്ടുണ്ട്. മകരവിളക്ക് കഴിയും വരെ സർക്കാർ ശബരിമല തീർത്ഥാടനത്തിന് ഇളവ് നൽകിയിട്ടുണ്ട്. തീർത്ഥാടനം കഴിഞ്ഞാൽ സർക്കാർ നിയന്ത്രണങ്ങൾ ശബരിമലയിലും ബാധകമാക്കും. അതേസമയം മകരവിളക്ക് പൂജകൾക്കായി സന്നിധാനം സജ്ജമാണെന്ന് തന്ത്രി മഹേഷ് മോഹനര് അറിയിച്ചു.

ബിംബ ശുദ്ധി ക്രിയകൾ ഉച്ചയോടെ പൂർത്തിയാകും. നാളെ ഉച്ചയ്ക്ക് 2.30ന് സംക്രമപൂജ നടക്കും. വൈകീട്ട് തിരുവാഭരണം ചാർത്തി ദീപാരാധനയും മകരജ്യോതി ദർശനത്തോടെയും തീർത്ഥാടനത്തിന് പരിസമാപ്തി കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.