ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്യുകയും, മടങ്ങിപ്പോവുകയും ചെയ്തു.
ഹെലികോപ്റ്റററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. ദേശീയസ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെ പ്രതിഷേധക്കാര്‍ റോഡ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു റോഡ് മാര്‍ഗം യാത്ര ആരംഭിച്ചത്. എന്നാല്‍, പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് ഉണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സംസ്ഥാനത്തെ യാത്രകളില്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന പോലീസിന്റെ കൂടി ഉത്തരവാദിത്തമാണ്.

