തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടിയുമായി രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചു വർഷവും താൻ കോൺഗ്രസിലെ ഒറ്റയാൾ പോരാളിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താൻ കൊണ്ടുവന്ന പല വിഷയങ്ങളും പിന്നീട് പാർട്ടി ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഇനിയും ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി ഡി സതീശൻ പറഞ്ഞതിനോട് പ്രതികരിക്കുന്നില്ല. താനും ഈ പദവിയിലൊക്കെ ഇരുന്നയാളാണ്. കേരളത്തിന്റെ പൊതുസമൂഹത്തിൽ താൻ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും പ്രസക്തമായി നിലനിൽക്കുകയാണെന്നും അല്ലെങ്കിൽ ഗവർണർ അത് നിഷേധിച്ചേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി കുറ്റകരമായ മൗനം പാലിക്കുകയാണ്. പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇനിയും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോരാട്ടം തുടരും. സർക്കാരിനെ ഇനിയും തുറന്നുകാട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ പറഞ്ഞ കാര്യം ശരിയാണെന്നാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിലെ സർവകലാശാലകളിൽ സർക്കാരിന്റെ ഇടപെടലുകൾ ഇന്നും ഇന്നലെയും ആരംഭിച്ചതല്ല. സർവകലാശാലകളിൽ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിച്ചുകൊണ്ട് സർവകലാശാലകളെ സർക്കാർ അധഃപതിപ്പിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് പുനർനിയമനം നൽകാൻ സർക്കാർ തീരുമാനിച്ച കാര്യം ആദ്യം പുറത്തുവിട്ടത് താനാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ആർ ബിന്ദു രണ്ട് കത്തുകളാണ് ഗവർണർക്ക് അയച്ചത്. താൻ ഇക്കാര്യം പറഞ്ഞപ്പോൾ പലരും വിശ്വസിക്കാൻ തയ്യാറായില്ല. പിന്നീട് കത്തുകൾ പുറത്തുവന്നപ്പോഴാണ് താൻ പറഞ്ഞകാര്യം ശരിയാണെന്ന് വന്നത്. ഗവർണർ ചെയ്യേണ്ടത് ചാൻസലർ പദവി ഒഴിയുകയല്ലെന്നും മറിച്ച് രാഷ്ട്രീയ ഇടപെടലുകളില്ലാതെ സർവകലാശാലകളുടെ സ്വതന്ത്ര സ്വഭാവത്തെ നിലനിർത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫലത്തിൽ ഇപ്പോൾ സർവകലാശാലകളിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്. ഇതിനിടയിലാണ് ഡി ലിറ്റ് വിവാദം ഉയർന്നു വന്നത്. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. ഇക്കാര്യത്തിൽ ഗവർണർ ഇനിയും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

