റോഡിൽ പോലീസിന്റെ മദ്യ പരിശോധന; രണ്ടു ഫുൾ വഴിയിലൊഴിച്ച് വിദേശിയുടെ പ്രതിഷേധം

തിരുവനന്തപുരം: പോലീസിന്റെ മദ്യപരിശോധയിൽ പ്രതിഷേധവുമായി വിദേശ പൗരൻ. തന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം റോഡിന് സമീപം ഒഴിച്ച് കളഞ്ഞായിരുന്നു വിദേശ പൗരന്റെ പ്രതിഷേധം. കോവളത്താണ് സംഭവം. സ്വീഡിഷ് സ്വദേശി സ്റ്റീവാണ് പോലീസ് പരിശോദനയ്‌ക്കെതിരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്.

പുതുവത്സരം അടിച്ചു പൊളിക്കാനായി മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്നു സ്റ്റീവ്. റോഡിൽ വെച്ച് സ്റ്റീവിനെ പോലീസ് തടഞ്ഞു. സ്റ്റീവിന്റെ സ്‌കൂട്ടറിൽ നിന്ന് മൂന്ന് ഫുൾ ബോട്ടിൽ മദ്യം പരിശോധനയിൽ പോലീസ് കണ്ടെത്തി. മദ്യം വാങ്ങിയ ബിൽ ഹാജരാക്കാൻ പൊലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. ബിവറേജിൽ നിന്ന് ബില്ല് വാങ്ങാൻ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് ഇദ്ദേഹത്തെ വിടാൻ തയ്യാറായില്ല. ഒടുവിൽ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്തേക്ക് ഒഴുക്കി കളയുകയായരുന്നു. കുപ്പിയടക്കം വലിച്ചെറിയാനായിരുന്നു പൊലീസ് സ്റ്റീവിനോട് പറഞ്ഞത്. എന്നാൽ സ്റ്റീവ് കുപ്പി കളയതെ മദ്യം മാത്രം അദ്ദേഹം ഒഴിച്ചു കളഞ്ഞു. ആരോ സംഭവം മൊബൈലിൽ പകർത്തുന്നെന്ന് കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി മദ്യം കളയണ്ടെന്ന് പോലീസ് പറഞ്ഞു. മദ്യം കളഞ്ഞ ശേഷം കുപ്പി സ്റ്റീവ് സൂക്ഷിച്ചു വെച്ചു.

താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ബിവറേജിൽ പോയി ബില്ല് വാങ്ങിയ ശേഷം അദ്ദേഹം സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തു. അതേസമയംപോലീസിനോട് ഒരു പരാതിയുമില്ലെന്നാണ് സ്റ്റീവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ട് ഫുള്ള് പോയിക്കിട്ടിയതിൽ ചെറിയൊരു സങ്കടം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഭവം സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ നിരവധി പേരാണ് പോലീസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.