ലുധിയാന കോടതിയിലെ സ്‌ഫോടനം; അന്വേഷണത്തിനായി എൻഐഎ ഉദ്യോഗസ്ഥർ ജർമ്മനിയിലേക്ക്‌

ന്യൂഡൽഹി: ലുധിയാന കോടതിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. കേസുമായി ബന്ധപ്പെട്ട് ജർമനിയിൽ അറസ്റ്റിലായ ജെസിന്ദ്വർ സിംഗ് മുൾട്ടാനിയെ എൻഐഎ ചോദ്യം ചെയ്യും. ഇതിനായി ജർമ്മനിയിലേക്ക് പോകാനാണ് എൻ ഐ എ യുടെ തീരുമാനം. ഖലിസ്ഥാൻ ഭീകര ലേക്കാണ് കേസ് അന്വേഷണം നീളുന്നത്.

കേന്ദ്ര ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജർമ്മൻ പോലീസ് മുൾട്ടാനിയെ പിടികൂടിയത്. പാകിസ്താനിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ ഇന്ത്യയിലെത്തിക്കാനും ഡൽഹി, മുംബൈ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സ്‌ഫോടനം നടത്താനും ഈ ആൾ ആസൂത്രണം ചെയ്തിരുന്നു. ലുധിയാന സ്‌ഫോടനത്തിൽ ഖാലിസ്ഥാന് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം പഞ്ചാബ് ഡിജിപി പറഞ്ഞിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഗഗൻ ദീപിന് ഖാലിസ്ഥാൻ ഭീകരരുമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

സ്ഫോടനത്തിൽ ഗഗൻ ദീപ് സിംഗിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ഗഗൻ സിംഗിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. 2019 ൽ ഗഗൻ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ രണ്ടു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.