‘ഭാഷ ആ വ്യക്തിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രതിഫലനമാണ്’; രാഷ്ട്രപതി നേരിട്ട് കാണാന്‍ വിളിച്ച അനുഭവം പങ്കുവെച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശന വേളയില്‍ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റാന്‍ ശ്രമിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണ് മേയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍, അന്ന് വൈകിട്ട് രാഷ്ട്രപതി തന്നെ രാജ്ഭവനിലേക്ക് വിളിപ്പിച്ച കാര്യവും അദ്ദേഹത്തിനോട് സംസാരിച്ച അനുഭവവും വെളിപ്പെടുത്തുകയാണ് ആര്യ രാജേന്ദ്രന്‍.

മേയര്‍ ആര്യ രാജേന്ദ്രന്റെ വാക്കുകള്‍

രാഷ്ട്രപതിയുടെ സ്‌നേഹവും കരുതലും

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച ശേഷം പൂജപ്പുരയില്‍ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍, ആദ്യം കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല, തിരിച്ച് വിളിച്ചപ്പോള്‍ , ‘ബഹു. പ്രസിഡന്റിന് മേയറെ നേരില്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട് ‘ എന്ന് പറഞ്ഞു. എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് 7 ന് എന്ന് പറഞ്ഞു. കൃത്യം 6.40 ന് രാജ്ഭവനിലെത്തി. 7 ന് തന്നെ അദ്ദേഹം വന്നു. ഊഷ്മളമായി, വാത്സല്യപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു. കേരളത്തിന്റെ ഭാവി യുവജനങ്ങളിലാണ് എന്നും, അക്കാര്യത്തില്‍ കേരളവും തലസ്ഥാനവും രാജ്യത്തിന് മാതൃകയായെന്നും പറഞ്ഞു. നഗരവികസനത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ഭാവിയിലെ നഗര വികസനകാഴ്ച്ചപ്പാടിനെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു അദ്ദേഹം. ദില്ലിയിലേയ്ക്ക് വരണമെന്നും, നിര്‍ബന്ധമായും രാഷ്ട്രപതിഭവനില്‍ ചെന്ന് അദ്ദേഹത്തെ കാണണമെന്നും ആവശ്യപ്പെട്ടു. നാടിന്റെ പൊതുനന്മയ്ക്കായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനും , കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഒരുമിപ്പിച്ച് ഭരണ നിര്‍വ്വഹണം നടത്താനും ഉപദേശിച്ചു.

അദ്ദേഹത്തിന്റെ സംസാരത്തിലുടനീളം ശ്രദ്ധിച്ചത് ഭാഷയിലെ വിനയവും ബഹുമാനവും സ്‌നേഹവുമാണ്. മാതൃക ആക്കേണ്ടതാണ്, ഒരു സ്ത്രീയോട് , അല്ലെങ്കില്‍ സ്ത്രീകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രതിഫലനമാണ്. ബഹുമാനപ്പെട്ട പ്രസിഡന്റ് പ്രായത്തില്‍ ഏറെ ചെറുതായിട്ടും സ്ത്രീത്വത്തിന് നല്‍കിയ സ്‌നേഹബഹുമാനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ബഹുമാനിതനാക്കി. നഗരസഭയുടെ സ്‌നേഹാദരവും അദ്ദേഹത്തിന് നല്‍കിയാണ് പിരിഞ്ഞത്.

ജീവിതത്തില്‍ എന്നെങ്കിലും അഭിമുഖികരിക്കേണ്ടി വരുമെന്ന് കരുതിയ സന്ദര്‍ഭമല്ല അന്നത്തെ സായാഹ്നം. പക്ഷേ തെല്ലും ആധിയോ അസ്വസ്ഥതയോ തോന്നിയതുമില്ല. മേയറെന്ന നിലയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി തലസ്ഥാന നഗരിയില്‍ നടത്തുന്ന ഇടപെടലുകള്‍ നല്‍കിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല. ഇനിയുമേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഇത്തരം കൂടിക്കാഴ്ച്ചകളില്‍ നിന്ന് കിട്ടുന്ന ഉപദേശ നിര്‍ദ്ദേശങ്ങള്‍ ജീവിതാനുഭവങ്ങളുടെ സ്പര്‍ശമേറ്റവയാണ്. മുന്നോട്ടുള്ള കുതിപ്പില്‍, നമ്മുടെ നഗരത്തെ ഒന്നാമത്തെ നഗരമാക്കി തീര്‍ക്കാനുള്ള കര്‍മ്മപദ്ധതിയില്‍ ഇതെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കും, തീര്‍ച്ച.