വിദ്വേഷ പ്രസംഗവും കൊലവിളിയും; സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയ്ക്ക് അഭിഭാഷകരുടെ കത്ത്

ഹരിദ്വാർ: ഹരിദ്വാറിലെ ധർമ സൻസദ് സമ്മേളനത്തിൽ വിദ്വേഷ പ്രസംഗവും കൊലവിളിയുമുയർത്തിയ സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. 76 അഭിഭാഷകരാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് കത്തെഴുതിയത്. ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, വൃന്ദ ഗ്രോവർ, സൽമാൻ ഖുർഷിദ്, അഞ്ജന പ്രകാശ് തുടങ്ങിയ അഭിഭാഷകർ ഇതിൽ ഉൾപ്പെടുന്നുണ്ട്.

കേസിൽ പോലീസിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സമൂഹത്തെ മുഴുവൻ കൊലചെയ്യുമെന്നുള്ള പരസ്യമായ പ്രഖ്യാപനമാണ് ഉണ്ടായതെന്നും ഇത്തരം പ്രസംഗങ്ങൾ ദേശീയ ഐക്യത്തിന് വരെ ഭീഭീഷണിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതാണ് ഇത്തരം കൊലവിളികളെന്നും കത്തിൽ അഭിഭാഷകർ ആരോപിക്കുന്നു. ഡിസംബർ 17 മുതൽ 20 വരെ ഹരിദ്വാറിൽ നടന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തിലാണ് ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിർമിക്കണമെന്ന ആഹ്വാനം നടന്നത്. പരിപാടിയിൽ വിവിധ സംഘടനാ നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.