തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡി.ജെ. പാർട്ടികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി പോലീസ്. ഡിജിപി അനിൽകാന്താണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.
രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ പാടില്ലെന്നാണ് പോലീസിന്റെ നിർദ്ദേശം. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ഡി ജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്കും നൽകും.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ സാഹചര്യത്തിലാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഈ പാർട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

