തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് ഉറപ്പു നൽകി യുഎഇ. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യു.എ.ഇ സർക്കാർ ലക്ഷ്യമിടുന്നത്. യു.എ.ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയിൽ ആരംഭിക്കുന്ന മൂന്ന് ഫുഡ് പാർക്കുകളിൽ ഒരെണ്ണം കേരളത്തിൽ തുടങ്ങണമെന്ന അഭ്യർത്ഥന കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. ഡോ. താനി മുഹമ്മദ് ഇക്കാര്യം സമ്മതിച്ചതായും വിശാദാംശങ്ങൾ ടെക്‌നിക്കൽ ടീമുമായി ചർച്ചചെയ്യുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ബൃഹത്തായ ഈ പദ്ധതി ഉതകുമെന്നതിൽ സംശയമില്ല. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും യു.എ.ഇ സർക്കാർ നൽകുന്ന പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈഫ് പദ്ധതിയിൽ ദുബായ് റെഡ് ക്രസന്റുമായി ചേർന്നുള്ള ഭവന സമുച്ചയ നിർമാണത്തിന്റെ കാര്യവും മുഖ്യമന്ത്രിയും യുഎഇ വിദേശകാര്യ മന്ത്രിയും ചർച്ച ചെയ്തു. അതേസമയം ദുബായ് എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ അദ്ദേഹം ക്ഷണിച്ചു. 2022 ഫെബ്രുവരിയിൽ എക്സ്പോയ്ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പു നൽകിയിട്ടുണ്ട്.