തിരുവനന്തപുരം: പൊതുമരാമത്ത് പ്രവർത്തികൾ പരിശോധിക്കാൻ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥർ ഫീൽഡിൽ പോകാത്തതാണ് പൊതുമരാമത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ പൂർണ്ണമായും ഫീൽഡിലിറങ്ങിയാൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികൾ ജനങ്ങൾക്കു കൂടി അറിയാവുന്ന തരത്തിലുള്ള പുതിയ പദ്ധതിയ്ക്ക് അടുത്ത വർഷത്തോടെ തുടക്കമാകും. ഫീൽഡിൽ പോകുന്നത് പൊതുമരാമത്ത് ചട്ടമാണ്. ഉദ്യോഗസ്ഥർ പരിപൂർണ്ണമായി ഇറങ്ങിയാൽ തന്നെ പൊതുമരാമത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. എന്നാൽ ഉദ്യോഗസ്ഥർ അവരുടെ ശേഷി ഉപയോഗിക്കാൻ തയ്യാറാകുന്നില്ല. ഉത്തരവാദിത്വപ്പെട്ടവർ ഫീൽഡിൽ പോകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
റോഡ് നിർമ്മാണത്തിൽ സുതാര്യത ഉറപ്പ് വരുത്തും. ഓരോ നിയമസഭ മണ്ഡലങ്ങളിൽ പരിശോധന സമിതി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ റോഡ് പരിശോധിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും റെക്കോർഡ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് പരിശോധന റിപ്പോർട്ട് ചെയ്യാൻ പുതിയ സോഫ്റ്റ് വെയർ തയ്യാറാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾ ജനങ്ങൾക്ക് വിരൽ തുമ്പിൽ ലഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

