തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളുടെ സുരക്ഷക്കായി പോലീസിന്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടാവുന്നില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കുണ്ടാകുന്ന പരാതികളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് ക്രിമിനലുകള്‍ക്ക് സഹായകരമാകുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പോത്തന്‍കോട്ട് യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഒന്നിലധികം വാഹനങ്ങളിലാണ് അവര്‍ എത്തിയത്. അക്രമി സംഘം ധൈര്യത്തോടെ കൃത്യം നടത്തി പോകണമെങ്കില്‍ നമ്മുടെ നാട്ടില്‍ ഇത്തരം ആളുകള്‍ക്ക് പോകാനും വരാനും കഴിയുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇതൊരിക്കലും പാടില്ല. വേണ്ട നടപടികള്‍ ഉണ്ടാകണം’- മന്ത്രി പറഞ്ഞു.
മംഗലാപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനി സ്വദേശി സുധീഷിനെ ഇന്നലെ ഉച്ചക്ക് 2.45 ഓടെ ബൈക്കുകളിലും ഓട്ടോയിലുമായെത്തിയ 12 അംഗ സംഘം ആക്രമിക്കുകയായിരുന്നു. സുധീഷ് സമീപത്തെ ബന്ധുവിന്റെ വീട്ടില്‍ ഓടിക്കയറിയെങ്കിലും, വീടിന്റെ വാതില്‍ തകര്‍ത്ത് ആക്രമിക്കുകയായിരുന്നു. സംഘം സുധീഷിന്റെ ഇടതുകാല്‍ വെട്ടിയെടുത്ത്, അരക്കിലോമീറ്റര്‍ ദൂരെയുള്ള കല്ലൂര്‍ മൃഗാശുപത്രി ജംഗ്ഷനിലെത്തിച്ച് ആഹ്ലാദ പ്രകടനം നടത്തിയ ശേഷം റോഡില്‍ വലിച്ചെറിയുകയായിരുന്നു. ഇതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. കേസില്‍ നിലവില്‍ പത്ത് പേര്‍ പിടിയിലായിട്ടുണ്ട്.

