കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് ഹജ്ജ് സർവ്വീസുകൾക്ക് അനുമതിയുള്ളത്. കണ്ണൂർ അന്തർദേശീയ വിമാനത്താവളത്തിൽ നിന്നും ഹജ്ജ് തീർത്ഥാടത്തിന് അനുമതി നൽകണമെന്ന ആവശ്യം അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചു. റൂൾ 377 പ്രകാരമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വെട്ടിക്കുറച്ച ഹജ്ജ് കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. മലബാറിൽ നിന്നും കുടക്, ലക്ഷ്വദീപ്, പുതുശേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുമുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താനെന്നും അദ്ദേഹം വിമർശിച്ചു. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 മീറ്റർ റൺവെ വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

