ആവശ്യങ്ങൾ അംഗീകരിച്ചു; സമരം അവസാനിപ്പിച്ച് കാർഷിക സംഘടനകൾ

ന്യൂഡൽഹി: കാർഷിക സമരം അവസാനിപ്പിച്ച് കർഷക സംഘടനകൾ. കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിച്ച് രേഖമൂലം സർക്കാർ ഉറപ്പു നൽകുകയും ചെയ്തതോടെയാണ് സംഘടനകൾ സമരം അവസാനിപ്പിച്ചത്. ഡിസംബംർ 11-മുതൽ ഡൽഹി അതിർത്തികളിൽ നിന്ന് കർഷകർ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നാണ് കർഷക സംഘടനകൾ അറിയിക്കുന്നത്.

സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും ജനുവരി 15 ന് അവലോകന യോഗം ചേരുമെന്നും കർഷക സംഘടനകൾ വിശദമാക്കി. സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ട് വെച്ചത്.

വ്യാഴാഴ്ച വൈകിട്ട് 5:30 ന് കർഷക വിജയ പ്രാർത്ഥന നടത്തും. കർഷക സംഘടനകൾ ഡിസംബർ 11 ന് രാവിലെ 9 മണിയോടെ ഡൽഹിയുടെ അതിർത്തികളായ സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളിൽ വിജയ മാർച്ചും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കർഷക സംഘടന വ്യക്തമാക്കി.