കുനൂർ ഹെലികോപ്ടർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

ചെന്നൈ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. അസി. വാറന്റ് ഓഫീസർ എ പ്രദീപ് ആണ് കൊല്ലപ്പെട്ടത്. തൃശൂർ സ്വദേശിയാണ് പ്രദീപ്. ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഗണ്ണർ ആയിരുന്നു പ്രദീപ്. 2004 ലാണ് അദ്ദേഹം വ്യോമസേനയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകളിലും ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്‌ക്യൂ മിഷനുകളിലും അദ്ദേഹം മുൻനിരയിൽ നിന്നും പ്രവർത്തിച്ചിട്ടുണ്ട്.

മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങൾക്കും വേണ്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രദീപ് നാട്ടിൽ എത്തിയിരുന്നു. അവധി കഴിഞ്ഞ് തിരികെ പോയി ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് ഹെലികോപ്ടർ അപകടം ഉണ്ടായത്. ഭാര്യയും രണ്ടു മക്കളുമാണ് അദ്ദേഹത്തിനുള്ളത്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡർ, ലെഫ്. കേണൽ ഹർജീന്ദർ സിംഗ്, നായ്ക് ഗുർസേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാർ, ലാൻഡ്സ് നായ്ക് വിവേക് കുമാർ, ലാൻഡ്സ് നായ്ക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. അതേസമയം ഹെലികോപ്റ്റർ അപകടത്തിൽപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.