മുല്ലപ്പെരിയാര്‍ : ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു : ജോസ് കെ. മാണി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ‘കേരള ജനതക്ക് സുരക്ഷ, തമിഴ്നാടിന് വെള്ളം’ എന്നതാണ് കേരളത്തിന്റെ നിലപാടെന്ന് ജോസ് കെ മാണി എംപി. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്ന തമിഴ്‌നാട് നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും ജോസ് കെ മാണി അറിയിച്ചു.

‘മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ ചെയ്യാവുന്നത് ചെയ്യുകയാണ് ആദ്യത്തെ ഘട്ടം. പക്ഷേ അതിനുകഴിയുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പരിഹാരം കണ്ടേപറ്റൂ’. ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം, ‘വിഷയത്തില്‍ തമിഴ്നാട് അനാവശ്യ പിടിവാശി തുടരുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി വിമര്‍ശിച്ചു. തമിഴ്നാടിന്റേത് കേരള ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ള നിലപാടാണ്. തമിഴ്നാട് മനുഷ്യത്വരഹിതമായി പെരുമാറുന്നു. കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുന്നില്ലെന്നും’ ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി.

മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരത്തെ തന്നെ തമിഴ്നാടിനെ അറിയിച്ചതാണ്. എന്നാല്‍, തമിഴ്നാട് ഈ രീതി തുടര്‍ന്നു. അതുകൊണ്ട് തന്നെ നിയമപരമായി വിഷയത്തെ സമീപിക്കാനാണ് കേരളം ആലോചിക്കുന്നത്.