കടയ്ക്കാവൂർ പോക്‌സോ കേസ്; നിർണായക വിധിയുമായി കോടതി, അമ്മയെ കുറ്റവിമുക്തയാക്കി

തിരുവനന്തപുരം: കടയ്ക്കാവൂർ പോക്‌സോ കേസിൽ നിർണായക വിധിയുമായി കോടതി. കേസിൽ പ്രതിയായ അമ്മയെ കുറ്റവിമുക്തയാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീല വിഡീയോ കാണുന്നത് കണ്ടുപിടിച്ചു. രക്ഷപ്പെടാൻ വേണ്ടി ഈ സമയം കുട്ടി അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അംഗീകരിച്ച കോടതി കേസ് നടപടികൾ അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ വി രജനീഷാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ഡിസബംറിലാണ് കടയ്ക്കാവൂർ സ്വദേശിയായ നാല് കുട്ടികളുടെ അമ്മയെ പോക്‌സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു 13 വയസ്സുകാരനായ രണ്ടാമത്തെ മകൻ പോലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ മൂത്തകുട്ടിയും അമ്മ അനിയനെ പീഡിപ്പിച്ചുവെന്ന മൊഴിയിൽ ഉറച്ചു നിന്നു. എന്നാൽ അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു ഇളയ മകൻ പറഞ്ഞിരുന്നത്. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുൻ ഭർത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചെന്നായിരുന്നു അമ്മയുടെ ആരോപണം.

പോക്‌സോ കേസിൽ ഒരു മാസം ജയിലിൽ കഴിയേണ്ടി വന്ന യുവതിയ്ക്ക് പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ കേസിൽ തുടരന്വേഷണം നടത്തണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. തുടർന്ന് ഡോ. പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷർമ്മദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും എട്ട് ഡോക്ടർമാർ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് കുട്ടിയെ പരിശോധിക്കുകയും ചെയ്തു.

ശാസ്ത്രീയ പരിശോധനയിൽ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് പരിശോധിച്ച് റിപ്പോർട്ട് നൽകിയത്.