ശബരിമല തീര്‍ത്ഥാടനം; കുട്ടികള്‍ക്ക് കൊവിഡ് പരിശോധന വേണ്ട

പത്തനംതിട്ട: ശബരിമല മകര വിളക്ക് തീര്‍ത്ഥാടന മാനദണ്ഡം പുതുക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് കൊവിഡ് പരിശോധന ഫലം വേണ്ടെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ തീര്‍ത്ഥാടനത്തിന് കൊണ്ടുപോകാമെന്നും ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ ഒഴികെയുള്ള എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും നല്ല കാലാവസ്ഥയും കാരണം ശബരിമലയിലേക്ക് കൂടുതല്‍ ഭക്തര്‍ എത്തി തുടങ്ങിയിരുന്നു. അതേസമയം, നവംബര്‍ 16 മുതല്‍ 25 വരെയുള്ള പത്ത് ദിവസത്തുള്ളില്‍ ശബരിമലയില്‍ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വില്‍പ്പനയിലൂടെയാണ് കൂടുതല്‍ വരുമാനം. നട വരവിലും വര്‍ധനയുണ്ടായി. ലേലത്തില്‍ പോകാതിരുന്ന നാളീകേരം ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തില്‍ പോയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തില്‍ വര്‍ധനയുണ്ടായി.