മുല്ലപ്പെരിയാര്‍ മരംമുറി വിവാദം; ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷനില്‍ വിശദീകരണം തേടി കേന്ദ്രം

ഇടുക്കി: മുല്ലപ്പെരിയാര്‍ മരംമുറി വിവാദത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ നടപടിയില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. രേഖകള്‍ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. എന്നാല്‍, ബെന്നിച്ചന്‍ തോമസിന്റെ സസ്‌പെന്‍ഷന്‍ വാര്‍ത്തകളില്‍ കൂടിയാണ് അറിഞ്ഞതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട രേഖകള്‍, സസ്‌പെന്‍ഷനിലേക്ക് നയിച്ച കാര്യങ്ങള്‍ തുടങ്ങിയവ ഹാജരാക്കണമെന്നാണ് കേന്ദ്രം അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സസ്‌പെന്‍ഷന്‍ കേന്ദ്രത്തിനെ മുന്‍കൂറായി അറിയിക്കേണ്ടതില്ലെന്നും, സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ ഇക്കാര്യം അറിയിക്കേണ്ടതുള്ളൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം.

സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ ചര്‍ച്ചകളില്ലാതെയും, നടപടിക്രമങ്ങള്‍ പാലിക്കാതെയും മരംമുറി ഉത്തരവിറക്കിയതുകൊണ്ടാണ് ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ജലവിഭവ വകുപ്പ് അഡി. ചീഫ്സെക്രട്ടറി ടി.കെ. ജോസടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഉത്തരവിറങ്ങിയതെന്നും ബെന്നിച്ചനെ മാത്രം ബലിയാടാക്കുകയാണെന്നുമാണ് അസോസിയേഷന്‍ വാദിക്കുന്നത്.