നോയിഡ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ശിലയിടും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
10,500 കോടി രൂപ മുതല്‍മുടക്കില്‍ 1300 ഹെക്ടര്‍ സ്ഥലത്താണ് ആദ്യഘട്ട വിമാനത്താവളം നിര്‍മ്മിക്കുന്നത്. 29,560 കോടി രൂപ മുതല്‍ മുടക്കില്‍ 5000 ഹെക്ടറിലാണ് വിമാനത്താവളം മുഴുവനായി വികസിപ്പിക്കുന്നത്. ഇതിനായി വിമാനത്താവളത്തിലേക്ക് മെട്രോപാതയും നിര്‍മിക്കുന്നുണ്ട്. സൂറിക് എയര്‍പോര്‍ട്ട് കമ്പനിക്കാണ് വിമാനത്താവളത്തിന്റെ നിര്‍മാണക്കരാര്‍. പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ എട്ടു റണ്‍വേകളുമായി രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായി ജേവാര്‍ മാറും. രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമായി യു.പി മാറുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ലഖ്‌നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ മാത്രമുണ്ടായിരുന്ന യു.പിയില്‍ കഴിഞ്ഞ മാസം കുശിനഗര്‍ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. നിലവിലുള്ള താജ് എക്‌സ്പ്രസ് വേ ജേവാര്‍ വിമാനത്താവളവുമായി റോഡ് മാര്‍ഗം ബന്ധിപ്പിക്കുമെന്നത് യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാവും. വ്യവസായ വികസനത്തിനും ടൂറിസത്തിനും വളര്‍ച്ചക്ക് വഴിയൊരുക്കുന്നതാണ് ഈ വിമാനത്താവളം. ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്‌സ് ഗേറ്റ് വേയായി വിമാനത്താവളം മാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്താവളം സംയോജിത മള്‍ട്ടി മോഡല്‍ കാര്‍ഗോ ഹബ്ബായി പൂര്‍ത്തിയാക്കുന്നത്. വ്യാവസായിക ഉത്പന്നങ്ങളുടെ തടസ്സമില്ലാതെയുള്ള സഞ്ചാരം സാധ്യമാകുന്നതോടെ വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വ്യാവസായിക വളര്‍ച്ചക്കും വഴിയൊരുങ്ങും.
നോയ്ഡയും ഡല്‍ഹിയും മെട്രോ സര്‍വീസ് വഴി വിമാനത്താവളവുമായി കണ്ണി ചേര്‍ക്കും. സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഡല്‍ഹി-വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. ജേവാറില്‍ നിന്ന് 140 കിലോമീറ്ററേ ആഗ്രയിലേക്കുള്ളൂ. തീര്‍ഥാടന കേന്ദ്രങ്ങളായ വൃന്ദാവന്‍, മഥുര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും വിമാനത്താവളം ഗുണകരമാവും.

