പണി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച കാണിക്കുന്ന കരാറുകാരോട് മൃദുസമീപനം പാടില്ല: മന്ത്രി മുഹമ്മദ് റിയാസ്

riyaz

കോഴിക്കോട്: പണി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച കാണിക്കുന്ന കരാറുകാരെ സഹായിക്കുന്ന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിക്കരുതെന്ന കര്‍ക്കശനിര്‍ദ്ദേശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് ഇത്തരക്കാരോട് മൃദുസമീപനം പാടില്ലെന്ന് മന്ത്രി പറഞ്ഞത്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗത്തില്‍ എം.എല്‍.എ.മാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു നിര്‍ദ്ദേശം.

കുറ്റ്യാടി നഗരമധ്യത്തിലെ റോഡുപണി നിലച്ച കാര്യം കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ. ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ ഇടപെടല്‍. കുന്ദമംഗലം മണ്ഡലത്തിലെ ഒരുപ്രവൃത്തി ഒരുവര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതിനെക്കുറിച്ച് പി.ടി.എ. റഹീം എം.എല്‍.എ. പറഞ്ഞപ്പോള്‍, 90 ശതമാനം പൂര്‍ത്തിയായതാണെന്നായിരുന്നു ഉദ്യോഗസ്ഥവിശദീകരണം. 90 ശതമാനം ജോലി പൂര്‍ത്തിയായത് പറഞ്ഞ സമയത്തുതന്നെയാണോ എന്നു മന്ത്രി ചോദിച്ചു. ഇനി 10 ശതമാനം പണി തീര്‍ക്കാന്‍ 10 വര്‍ഷം കാത്തിരിക്കാനാവില്ല. പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കരാറുകാരെ ഒഴിവാക്കുകയും പെട്ടെന്ന് റീടെന്‍ഡര്‍ ചെയ്ത് വേഗം പൂര്‍ത്തിയാക്കുകയും വേണം, മന്ത്രി പറഞ്ഞു.

ഒരു കരാറുകാരനെ ഒഴിവാക്കിയാല്‍ ഉടന്‍ പകരം കരാറുകാരനെവെച്ച് പണി തുടരുമെന്ന വിശ്വാസം ജനങ്ങള്‍ക്ക് വരണം. അത്തരം ഇടപെടലുകളാണ് വേണ്ടത്. പേരാമ്പ്രയില്‍ ഒഴിവാക്കപ്പെട്ട കരാറുകാരന് ഹൈക്കോടതിയില്‍നിന്ന് സ്റ്റേയ്ക്കുള്ള സമയംനേടാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. റീടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ കാലി സി.ഡി. അയച്ചതാണ് ഇത്തരം സംശയമുയര്‍ത്തുന്നത്. തിരുവമ്പാടി മണ്ഡലത്തില്‍ ദേശീയപാത ഉള്‍പ്പെടെയുള്ള പണികളുടെ കാലതാമസം ലിന്റോ ജോസഫ് എം.എല്‍.എ. ഉന്നയിച്ചു. എന്‍ജിനിയര്‍ക്കുപകരം കണ്‍സല്‍ട്ടിങ് ഏജന്‍സിയുടെ ആളുകള്‍ പണിക്ക് മേല്‍നോട്ടം വഹിക്കുന്ന അവസ്ഥയുണ്ടെന്നും എം.എല്‍.എ. ചൂണ്ടിക്കാട്ടി. എം.എല്‍.എ.മാരെ യഥാസമയം വിവരമറിയിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട 10 റോഡുകളുടെ സ്ഥലമെടുപ്പ് നടപടികളും ഡി.പി.ആര്‍. തയ്യാറാക്കലും മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കെ.സി.ആര്‍.ഐ.പി. കോ-ഓര്‍ഡിനേറ്ററും ഡിസൈന്‍ വിഭാഗവും എല്‍.എ. ഡെപ്യൂട്ടി കളക്ടറും ഉറപ്പുനല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ബൈപ്പാസ് പ്രവൃത്തികളും സ്ഥലമേറ്റെടുപ്പ് നടപടികളും വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.