കനത്ത മഴ; തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം – നാഗര്‍കോവില്‍ റൂട്ടില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചില ട്രെയിനുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട്. പാറശ്ശാലയിലും എരണിയയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. 14 വരെ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും 50 കി.മീ. വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനത്തിന് നിരോധനമുണ്ട്.

ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തീവ്ര മഴ ലഭിക്കാം. ഇന്ന് പുതിയ ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട്. ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി സംഭരണി ഉള്‍പ്പെടുന്ന പ്രദേശത്താണ്, 14 സെ.മീ. തൊടുപുഴ, പെരുങ്കടവിള(തിരുവനന്തപുരം)- 11, നെയ്യാറ്റിന്‍കര, പീരുമേട്, ആലുവ- 7 സെ.മീ. വീതവും മഴ പെയ്തു. മിക്കയിടത്തും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെയും തുടര്‍ന്നു. രാത്രിയില്‍ പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്.

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായി. നെയ്യാറ്റിന്‍കരയില്‍ റോഡ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകളും ഉടന്‍ തുടര്‍ന്നേക്കും. പലയിടത്തും വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധി പേരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2377702, 0471 2377706