തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച്ച വരുത്തി; ജി സുധാകരനെതിരെ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രചാരണത്തിൽ മുൻ മന്ത്രി ജി. സുധാകരൻ വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ട്. സിപിഎം സംസ്ഥാന സമിതിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരൻ വീഴ്ച്ച വരുത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏത് രീതിയിലുള്ള നടപടിയാകും സുധാകരനെതിരെ സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്ത ശേഷമായിരിക്കും. ഇന്ന് വൈകീട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും.

ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായെന്നും ഇടത് സ്ഥാനാർഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ വിശദമാക്കുന്നു. ജൂലൈയിൽ നടന്ന സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്.

സുധാകരനെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എളമരം കരീം, കെ.ജെ. തോമസ് എന്നിവർ ഉൾപ്പെട്ട പാർട്ടി കമ്മീഷനാണ് സുധാകരനെതിരെയുള്ള ആരോപണത്തിൽ അന്വേഷണം നടത്തിയത്. സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടില്ല.