സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി

സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിന് ഇനിയും ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശു വികസന ഓഫീസിന്റേയും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റേയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും ഉറപ്പാക്കലുമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നെന്ന് മന്ത്രി വ്യക്തമാക്കി. വലിയൊരു ഉത്തരവാദിത്തമാണ് വകുപ്പിന് ഉള്ളത്. വകുപ്പിന്റെ തന്നെ ഉടമസ്ഥയിലുള്ള കെട്ടിടം 33 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ഇതോടെ ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാലികാ ദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ മത്സര വിജയികള്‍ക്ക് മന്ത്രി സമ്മാന വിതരണവും നടത്തി. കൂടാതെ ശൈശവ വിവാഹത്തിനെതിരായ ‘പൊന്‍വാക്ക’് പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു.