മഴക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 5 ലക്ഷം രൂപയാണ് ധന സഹായമായി നല്‍കാന്‍ തീരുമാനമായത്. 10 ലക്ഷം രൂപ ധന സഹായമാണ് കാലവര്‍ഷക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുക. ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി. പുറംപോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ താമസിച്ചിരുന്നവര്‍ക്ക് ഈ ധനസഹായം ലഭ്യമാകും.

മഴക്കെടുതി മൂലം 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട് പുറംപോക്ക് സ്ഥലത്ത് ഉള്‍പ്പെടെയുള്ള വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും.

കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്‍ കൊല്ലം സ്വദേശി എച്ച്. വൈശാഖിന്റെ കുടുംബം വീടുനിര്‍മ്മാണത്തിനായി എടുത്ത വായ്പ അടയ്ക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക നല്‍കാന്‍ തീരുമാനമായി.27.5 ലക്ഷം രൂപ ബാങ്ക് വായ്പയില്‍ അടയ്ക്കാന്‍ ബാക്കിയുള്ള തുകയില്‍ സൈനികക്ഷേമ വകുപ്പില്‍ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം തൃക്കരുവ, കാഞ്ഞാവെളി സന്തോഷ് ഭവനില്‍ സന്തോഷിന്റെ ഭാര്യ റംല, ശരത് ഭവനില്‍ ശ്യാംകുമാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം അനുവദിക്കാന്‍ തീരുമാനിച്ചു. സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ സന്തോഷ് റംല ദമ്പതികളുടെ മൂന്ന് പെണ്‍മക്കളെയും ശ്യാംകുമാറിന്റെ രണ്ട് മക്കളെയും ഉള്‍പ്പെടുത്തും. സന്തോഷ്- റംല ദമ്പതികളുടെ കുട്ടികള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വെച്ച് നല്‍കുവാനും തീരുമാനിച്ചു.