യുപി പിടിക്കാന്‍ പെണ്‍പടയെ മുന്‍നിര്‍ത്തി പ്രിയങ്ക; 40% സീറ്റുകളിലും മത്സരിക്കുക വനിതകള്‍

ലക്ക്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ 40 ശതമാനം സീറ്റുകളിലും കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് ചരിത്ര പ്രഖ്യാപനവുമായി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ ഒരു മാറ്റം വേണോ എന്ന് ഇവിടത്തെ വനിതകളാണ് ഇനി തീരുമാനിക്കേണ്ടതെന്നും മാറ്റം ആഗ്രഹിക്കുന്ന എല്ലാ വനിതകള്‍ക്കും വേണ്ടിയാണ് കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്നും പ്രിയങ്ക വ്യക്തമാക്കി. വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകള്‍ അന്ത്യം കാണുമെന്നും പ്രിയങ്ക പ്രഖ്യാപനത്തിനു ശേഷം അറിയിച്ചു.

‘സ്ത്രീകള്‍ക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും, അവര്‍ മുന്നോട്ട് പോകേണ്ടതുണ്ട്. ഈ തീരുമാനം ഉത്തര്‍പ്രദേശിലെ പെണ്‍കുട്ടികള്‍ക്കുള്ളതാണ്. ഈ തീരുമാനം മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുള്ളതാണ്” എന്ന് പ്രിയങ്ക വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ലഖ്‌നൗവില്‍ പ്രചാരണത്തില്‍ സജീവമാക്കാനാണ് പ്രിയങ്കയുടെ പദ്ധതി. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിനുശേഷം 2012ലും 2017ലും നിയമസഭ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലിറങ്ങിയ കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത് നാണംകെട്ട തോല്‍വിയായിരുന്നു.