ഉത്തരേന്ത്യയിലും കനത്ത മഴ; ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ

ന്യൂഡൽഹി: ഉത്തരേന്ത്യയിലും കനത്ത മഴ. ഇന്നലെ മുതൽ അനുഭവപ്പെടുന്ന കനത്ത മഴയിൽ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗാസിപൂർ പഴം പച്ചക്കറി മാർക്കറ്റിൽ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. പുൽപ്രഹ്ലാദ്പൂർ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം എംബി റോഡ് അടച്ചു.

ഡൽഹിയിൽ ശക്തമായ മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡൽഹി, ഗുരുഗ്രാം, ഗൊഹാന, ഹോഡൽ, ഔറംഗബാദ്, പൽവാൽ, ഫരീദാബാദ്, ബല്ലഭ്ഗാർഹ്, പാനിപ്പത്ത്, സൊഹാന എന്നിവിടങ്ങളിലെല്ലാം അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഉത്തർപ്രദേശിലെ മഥുര, അലിഗഡ്, ഹാഥ്രസ്, ആഗ്ര എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഛത്തീസ്ഗഡിലെ ചമോലി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി ബദരീനാഥ് യാത്രയും നിർത്തിവെച്ചു.