ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയായി സാമൂഹ്യപ്രവര്‍ത്തനം ചെയ്യുമെന്ന് സമീര്‍ വാങ്കഡെയ്ക്ക് ഉറപ്പ് നല്‍കി ആര്യന്‍

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് കൗണ്‍സിലിംഗ് നല്‍കിയതായി റിപ്പോര്‍ട്ട്. എന്‍സിബി കസ്റ്റഡിയിലിരിക്കെയാണ് ആര്യന്‍ ഖാന് കൗണ്‍സിലിംഗ് നല്‍കിയത്.

ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാകുമെന്നും ജോലി ചെയ്ത് ജനങ്ങളെ സഹായിക്കുമെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് ആര്യന്‍ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജയിലില്‍ നിന്ന് മോചിതനായ ശേഷം ഒരു നല്ല മനുഷ്യനാകും, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ സഹായിക്കും. അന്തസ്സോടെ ജോലിയില്‍ പ്രവേശിച്ച് പിതാവിന് അഭിമാനമാകുമെന്നും 23 കാരന്‍ വാഗ്ദാനം ചെയ്‌തെന്ന് എന്‍സിബിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ 7 നാണ് ആര്യന്‍ ഖാനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ ജയിലിലാണ് ആര്യന്‍ ഖാന്‍ ഇപ്പോഴുള്ളത്.