പാലാരിവട്ടം പാലം പോലെ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലും ! തൂണുകളുടെ നിര്‍മ്മാണം ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെ

കോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി. ടെര്‍മിനല്‍ ഇനിയും ഉപയോഗിക്കണമെങ്കില്‍ 30 കോടി രൂപകൂടി മുടക്കണം. 74.63 കോടി രൂപ ചെലവില്‍ നിര്‍മിച്ച 10 നിലയുള്ള ഇരട്ട ടെര്‍മിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സര്‍വീസ് പോലും നടത്താന്‍ കഴിയില്ലെന്നാണ് ചെന്നൈ ഐ.ഐ.ടി. സംഘത്തിന്റെ പഠനറിപ്പോര്‍ട്ട്. ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് 20 ശതമാനം തൂണുകളും നിര്‍മിച്ചത്. അതുകൊണ്ട് അറ്റകുറ്റപ്പണിനടത്തി ബലപ്പെടുത്താന്‍ ടെര്‍മിനല്‍ ആറുമാസം അടച്ചിട്ട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് സര്‍വീസ് മാറ്റാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് യോഗം വിളിക്കാന്‍ കളക്ടര്‍ക്ക് ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കി. ബലപ്പെടുത്തുന്നതുവരെ വാടകലഭിക്കില്ലെന്നു മാത്രമല്ല ഷോപ്പിങ് കോംപ്ലക്‌സ് ലേലത്തില്‍ നല്‍കി വരുമാനമുണ്ടാക്കാനുള്ള പദ്ധതിക്കും തിരിച്ചടിയായിരിക്കുകയാണ്.

കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ ഗതി ടെര്‍മിനലിന് വരുമോയെന്ന ആശങ്കയാണ് ഇതിനകം ഉയര്‍ന്നിരിക്കുന്നത്. പാര്‍ക്കിങ്ങും അറ്റകുറ്റപ്പണിയും നടക്കാവിലെ റീജണല്‍ ഷോപ്പിലേക്ക് മാറ്റും. ആറുമാസം കഴിഞ്ഞേ ഷോപ്പിങ് കോംപ്ലക്‌സ് ഏറ്റെടുത്ത അലിഫ് ബില്‍ഡേഴ്‌സില്‍നിന്ന് വാടക ഈടാക്കുകയുള്ളൂ. ടെര്‍മിനല്‍ നിര്‍മാണത്തിലെ അപാകതയെകുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2015-ല്‍ ഉദ്ഘാടനംചെയ്ത ടെര്‍മിനല്‍ ഓഗസ്റ്റിലാണ് 17 കോടിയുടെ നിക്ഷേപത്തിനും പ്രതിമാസം 43 ലക്ഷം വാടകയ്ക്കുമായി അലിഫ് ബില്‍ഡേഴ്‌സിന് കൈമാറിയത്. അലിഫ് ബില്‍ഡേഴ്‌സില്‍നിന്ന് വാങ്ങിയ 17 കോടിക്കുപുറമേ 13 കോടികൂടി കെട്ടിടം ബലപ്പെടുത്താന്‍ കെ.ടി.ഡി.എഫ്.സി. മുടക്കണം. നിക്ഷേപവും സ്റ്റാമ്പ് ഡ്യൂട്ടിയും ഉള്‍പ്പെടെ 21 കോടി മുടക്കിയ കമ്പനിയും ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കെട്ടിടത്തിന് ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തി ആകര്‍ഷകമാക്കാന്‍ അലിഫ് ഒരു ആര്‍ക്കിടെക്റ്റിനെ നിയോഗിച്ചിരുന്നു.

ബലപ്പെടുത്തല്‍ കഴിഞ്ഞശേഷമേ അവര്‍ക്കും നവീകരണം തുടങ്ങാന്‍ കഴിയുള്ളൂ. തൂണുകള്‍ക്ക് ചുറ്റും കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോള്‍ തൂണുകള്‍ക്ക് വീതി കൂടും. ഇത് ഭാവിയില്‍ ബസ് സര്‍വീസിന്റെ സൗകര്യത്തെ ബാധിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു. ടെര്‍മിനല്‍ രൂപകല്പന ചെയ്തതുതന്നെ ബസ് സര്‍വീസിന് പ്രാധാന്യം നല്‍കാതെയാണ്. അതിനുപുറമേയാണ് നിര്‍മാണത്തില്‍ വ്യാപകക്രമക്കേടുണ്ടെന്ന കണ്ടെത്തല്‍.