ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി, പമ്പാ സ്‌നാനവും ചെയ്യാം

sabarimala

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം. പമ്പാ സ്‌നാനത്തിനും അനുമതിയുണ്ട്. നെയ്യഭിഷേകം മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി നടത്താനും വെര്‍ച്വല്‍ ക്യൂ തുടരാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

നേരത്തെ, സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന നിലയ്ക്ക് ശബരിമല തീര്‍ത്ഥാടന കാലയളവില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെ വരുമാനം നിലയ്ക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

തീര്‍ത്ഥാടന കാലയളവില്‍ ആദ്യദിവസങ്ങളില്‍ 25,000 ഭക്തരെ വരെ പ്രവേശിപ്പിക്കാം. പമ്പാ സ്‌നാനവും നടത്താം. കഴിഞ്ഞ വര്‍ഷം പമ്പാ സ്‌നാനത്തിന് അനുമതിയുണ്ടായിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവേശനം നടത്തുക. രണ്ട് ഡോസ് വാക്‌സിനെടുത്തവരോ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ആണ് പ്രവേശനാനുമതി. വെര്‍ച്വര്‍ ക്യൂ തുടരാനും എണ്ണം കൂട്ടാനും തീരുമാനമായി. ശബരിമലയിലെ ശുചീകരണ തൊഴിലാളികളുടെ ശമ്പളവും കൂട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.