‘പ്രണയപ്പക’ തല്ലിക്കെടുത്തിയത് ഏക മകളെ ! നിതിനയുടെ മരണത്തോടെ രോഗങ്ങള്‍ക്കൊപ്പം ഒറ്റക്കായി അമ്മ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനയുടെ മരണത്തോടെ ഒറ്റക്കായത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മ. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷായിരുന്നു നിതിന. തയ്യല്‍ക്കാരിയായ അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നുമായിരുന്നു കുടുംബം കഴിഞ്ഞുപോന്നത്.

ഏഴു വര്‍ഷം മുമ്പാണ് തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ ഇവര്‍ താമസം തുടങ്ങുന്നത്. അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബത്തിന് തലയോലപറമ്പിലെ ഒരു സാമൂഹിക സംഘടനയാണ് വീട് വച്ച് നല്‍കിയത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഇവരെന്ന് അയല്‍വായികള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ ഇവരുടെ വീടിനും നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള വ്യക്തിയാണ് നിതിനയുടെ അമ്മയെന്നും ഇന്ന് രാവിലെ ഇരുവരും ഒരുമിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും അയല്‍വാസികള്‍ പറഞ്ഞു. രാവിലെ മകളെ ബസ് കയറ്റിവിട്ട ശേഷം അമ്മ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വേണ്ടി പോകുകയായിരുന്നു.

തങ്ങളുടെ വീട്ടില്‍ നടക്കുന്ന എല്ലാ വിവരങ്ങളും തങ്ങളുമായി പങ്കുവക്കുന്ന സ്വഭാവമുള്ള ആളായിരുന്നു നിതിനയുടെ അമ്മയെന്നും മകള്‍ക്ക് എന്തെങ്കിലും ഭീഷണിയുള്ളതായി ഇതുവരെ പറഞ്ഞിട്ടില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു. മകളുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ നിതിനയുടെ അമ്മയും പാലായിലെ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെതന്നെയാണ് നിതിനയുടെ മൃതദേഹവും സൂക്ഷിച്ചിരിക്കുന്നത്.

തലയോലപ്പറമ്പ് സ്വദേശിനിയുമായ തിതിന മോള്‍ (22) രാവിലെ 11ഓടെയായിരുന്നു ക്രൂരമായ കൊലപാതകത്തിന് ഇരയായത്. കോളജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ ലിബിന മോളെ സഹപാഠിയായ അഭിഷേക് ബൈജു കോളജ് ക്യാമ്പസിനുള്ളില്‍ വെച്ച് പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. അഭിഷേകിനെ കസ്റ്റഡിയിലെടുത്ത പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇരുവരും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്.