ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ പുതിയ പാഠ്യപദ്ധതി; ദേശഭക്തി കരിക്കുലം അവതരിപ്പിച്ച് സർക്കാർ

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിൽ പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ച് സർക്കാർ. ‘ദേശഭക്തി കരിക്കുലം’ എന്ന പാഠ്യപദ്ധതിയാണ് ഡൽഹിയിലെ സ്‌കൂളുകൾക്ക് വേണ്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അവതരിപ്പിച്ചത്. ചത്രസാൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. വിദ്യാർഥികളിൽ ദേശഭക്തി വളർത്തുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായാണു പദ്ധതി സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് എല്ലാ ദിവസവും ഒരു പിരിയഡാണ് ദേശഭക്തി ക്ലാസിനായി മാറ്റിവയ്ക്കുയെന്നാണ് റിപ്പോർട്ട്.. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസവും ക്ലാസെടുക്കുമെന്നും വിവരമുണ്ട്.

കോളജുകളിൽ ഇന്ന് പണമുണ്ടാക്കുന്ന യന്ത്രങ്ങളെയാണു രൂപപ്പെടുത്തുന്നതെന്നും ഇതു നിർത്തണമെന്നും അരവിന്ദ് കേജ്‌രിവാൾ അഭിപ്രായപ്പെട്ടു. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണു യഥാർഥ ദേശഭക്തർ. അല്ലാതെ പണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരല്ല. ഇതുവരെ നമ്മുടെ വിദ്യാഭ്യാസ സംവിധാനം വഴി എൻജിനീയർമാരും അഭിഭാഷകരും പോലുള്ള പ്രഫഷനലുകളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈയൊരു കരിക്കുലത്തിലൂടെ ദേശഭക്തരായ ആളുകളെയാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം വിശദമാക്കി. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്താകമാനം ഈ ആശയം സ്വീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.