കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോൺസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തേക്കാണ് പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയ ശേഷമാണ് കോടതി ഇയാളെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.
മോൺസന്റെ കൈവശമുണ്ടായിരുന്ന വ്യാജ രേഖകളുടെ ഉറവിടം കണ്ടെത്തണമെന്നും ഇയാൾക്കെതിരെ ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. എച്ച്.എസ്.ബി.സി. ബാങ്കിന്റെ പേരിൽ ഉൾപ്പെടെയാണ് മോൺസൻ വ്യാജ രേഖകൾ ചമച്ചത്. തുടർന്നാണ് പ്രതിയെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
താൻ നിരപരാധിയാണെന്നും തന്റെ അറസ്റ്റ് നിയമപരമല്ലെന്നും വാദിച്ച് മോൺസൻ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി.
അതേസമയം മോൺസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വനംവകുപ്പും കസ്റ്റംസും ചൊവ്വാഴ്ച റെയ്ഡ് നടത്തി. മോൺസന്റെ ആഡംബരവാഹനങ്ങളുടെ വിവരങ്ങളാണ് കസ്റ്റംസ് പ്രധാനമായും ശേഖരിച്ചത്. പത്ത് വാഹനങ്ങൾ വിദേശ രജിസ്ട്രേഷനിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇയാളുടെ പുരാവസ്തുശേഖരത്തെക്കുറിച്ചും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്ന ചിത്രങ്ങളിൽ ആനക്കൊമ്പ് ഉൾപ്പെടെ കണ്ടതിനാലാണ് വനംവകുപ്പും ചൊവ്വാഴ്ച പരിശോധനക്കെത്തിയത്.

