ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണങ്ങളുമായി ഡൽഹി ഹൈക്കോടതി. കലാപം ആസൂത്രിതമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഏതെങ്കിലും ആവേശത്തിന്റെ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും സർക്കാരിന്റെ പ്രവർത്തനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കലാപത്തിൽ നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കലാപത്തിൽ ഡൽഹി പോലീസിന്റെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇറക്കിയ ഉത്തരവിലാണ് ഡൽഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റേതാണ് നിർണായക പരാമർശങ്ങൾ.
ഡൽഹിയിലെ ക്രമസാധനം തകർക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്താണ് കലാപം നടത്തിയത്. എണ്ണത്തിൽ കുറവായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കലാപകാരികളിൽ പലരും വടി, ബാറ്റ് എന്നിവ കൊണ്ട് അക്രമിച്ചു. മുഹമ്മദ് ഇബ്രാഹീം വാളുമായി പ്രതിഷേധത്തിൽ പങ്കെടുത്തു എന്നതിന് തെളിവ് ഉണ്ടെന്നും കോടതി അറിയിച്ചു. തന്റെയും കുടുംബത്തിന്റെയും രക്ഷയ്ക്കായാണ് വാൾ കൈവശം വച്ചതാണെന്ന ഇബ്രാഹീമിന്റെ വാദം കോടതി തള്ളി.
അതേസമയം വടക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികൾക്ക് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് സെപ്റ്റംബർ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധിച്ചു എന്ന കാരണത്താൽ ആരെയെങ്കിലും തടവിലാക്കുന്നതിന് ന്യായീകരണം ഇല്ലെന്ന് ജാമ്യ ഉത്തരവിൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ വ്യക്തി സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങൾ തകർത്ത് കൊണ്ടാകരുതെന്നും കോടതി അറിയിച്ചിരുന്നു.

