മംഗള്‍യാനിന്റെ രണ്ടാം ദൗത്യത്തിനുള്ള തയ്യാറെടുപ്പില്‍ ഐഎസ്ആര്‍ഒ

തിരുവനന്തപുരം: മംഗള്‍യാനിന്റെ രണ്ടാം ദൗത്യത്തിനുള്ള തയ്യാറെടുപ്പില്‍ ഐഎസ്ആര്‍ഒ. 2023ലെ ചന്ദ്രയാന്‍3 ദൗത്യത്തിനുശേഷം രണ്ടാം മംഗള്‍യാന്‍ ദൗത്യം ലക്ഷ്യമിടുകയാണ് ഐഎസ്ആര്‍ഒ. ആദ്യ ദൗത്യത്തില്‍നിന്നുള്ള സാങ്കേതിക വിവരങ്ങള്‍ വിലയിരുത്തിയാണ് ഒരുക്കം. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാതെ ഭ്രമണപഥത്തില്‍നിന്ന് ഓര്‍ബിറ്റര്‍ ഉപയോഗിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം.

ആറു മാസത്തെ ചൊവ്വാ പര്യവേക്ഷണം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യ ആദ്യ മംഗള്‍യാന്‍ വിക്ഷേപിച്ചത്. എന്നാല്‍, മംഗള്‍യാന്‍ ദൗത്യം 7 വര്‍ഷം പൂര്‍ത്തിയാക്കി മുന്നോട്ടു പോകുകയാണ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യയുടെ മംഗള്‍യാന്‍ യാത്ര ആരംഭിച്ചത് 2013 നവംബര്‍ അഞ്ചിനാണ്. 2014 ഒക്ടോബര്‍ 24നു ചൊവ്വാ ഭ്രമണപഥത്തിലെത്തിയ മംഗള്‍യാനിലൂടെ ആറു മാസത്തെ പര്യവേക്ഷണമാണു ലക്ഷ്യമിട്ടിരുന്നത്. ആദ്യം ആറുമാസത്തെ പര്യവേക്ഷണം ലക്ഷ്യമിട്ടിരുന്ന മംഗള്‍യാനില്‍ ഇന്ധനം ശേഷിച്ചതിനാല്‍, മാര്‍ച്ച് 24ന് ആറു മാസത്തേക്കുകൂടി ദൗത്യം നീട്ടുകയായിരുന്നു ഇതാണ് ഇപ്പോള്‍ ഏഴാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്.

ചൊവ്വയെ ചുറ്റി സഞ്ചരിച്ച്, അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണു ലക്ഷ്യം. ചൊവ്വയിലെ ജീവന്റെ പരിണാമം സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ചും കാലാവസ്ഥ, പ്രതലം, പരിസ്ഥിതി, ധാതുശേഷി തുടങ്ങിയവയെക്കുറിച്ചും പഠനം നടത്തുന്നതിനായി അഞ്ചു ശാസ്ത്രീയ ഉപകരണങ്ങളും (പേ ലോഡ്) പേടകത്തില്‍ സംയോജിപ്പിച്ചിട്ടുണ്ട്.

ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകള്‍, താഴ്വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗള്‍യാന്‍ അയച്ചു. പല സമയങ്ങളിലായി അയച്ചു ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നുണ്ട്. ഏകദേശം പതിമൂന്ന് കിലോഗ്രാം ഇന്ധനംകൂടി പേടകത്തില്‍ അവശേഷിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം ഗവേഷകര്‍ അറിയിച്ചിരുന്നത്. ഭ്രമണപഥം ക്രമീകരിക്കാനും മറ്റു ചില ദൗത്യങ്ങള്‍ക്കും മാത്രമായാണ് ഇന്ധനം ഉപയോഗിക്കുന്നത്. പേടകത്തിലെ എല്ലാ സാങ്കേതിക സംവിധാനങ്ങളും ഇപ്പോഴും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട്