തിരുവനന്തപുരം: കേരളത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ മന്തന് 3.0 ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി-പിഎം-ജെഎവൈ-കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാനമന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ അശ്വതിയും സ്വന്തമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ രണ്ടുകോടി സൗജന്യ ചികിത്സയാണ് പദ്ധതി പ്രകാരം രാജ്യത്ത് ആകെ നടപ്പിലാക്കിയത്. ഇതില്‍ 27.5 ലക്ഷം (മൊത്തം ചകിത്സയുടെ 13.66 ശതമാനം) സൗജന്യ ചികിത്സ ലഭ്യമാക്കിയത് കേരളത്തില്‍ നിന്നുമാത്രമാണ്. ശ്രദ്ധേയമായ ഈ നേട്ടത്തിനാണ് സംസ്ഥാനത്തിന് പുരസ്കാരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് വര്‍ഷ കാലയളവില്‍ 27.5 ലക്ഷം സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്. കാസ്പ് പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയും കെബിഎഫ് പദ്ധതി പ്രകാരമാണെങ്കില്‍ ആജീവനാന്തം രണ്ടുലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമാണ് ലഭ്യമാകുന്നത്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എല്ലാ കുടുംബങ്ങള്‍ക്കും കെബിഎഫ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നതാണ്. നിലവില്‍ കേരളത്തില്‍ ഈ പദ്ധതികളുടെ ആനുകൂല്യം 192 സര്‍ക്കാര്‍ ആശുപത്രികളിലും 569 സ്വകാര്യ ആശുപത്രികളിലൂടെയും നല്കി വരുന്നു.

